വെച്ചൂര്‍ പശു :കേരളത്തിൻ്റെ തനത് കന്നുകാലി ജനുസ്സ്
- ARE
- Jun 13, 2021
- 2 min read

കേരളത്തിന്റെ തനതായ ഒരു പശുവർഗ്ഗമാണ് വെച്ചൂർ പശു. ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ കന്നുകാലിയിനം കൂടിയാണ് വെച്ചൂർ പശുക്കൾ.കോട്ടയം ജില്ലയിലെ വെച്ചൂര്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് ഇവയുടെ ഉത്ഭവം.കേരളത്തിലെ ഏക അംഗീകൃത കന്നുകാലി ഇനമായ വെച്ചൂർ പശുക്കൾക്ക് 90 സെന്റി മീറ്ററിൽ താഴെ മാത്രം ഉയരവും പശുക്കൾക്ക് ശരാശരി 130 കിലോഗ്രാമും കാളകൾക്ക് ശരാശരി 170 കിലോഗ്രാമും ഭാരവുമേ ഉണ്ടാവൂ.പുള്ളികളോ വരകളോ ഇല്ലാത്ത വെള്ളയോ എണ്ണ കറുപ്പ് അല്ലെങ്കിൽ കടും തവിട്ടു നിറമോ ഉള്ള വർണലാവണ്യമാണ് വെച്ചൂർ പശുക്കൾക്ക് ഉള്ളത്.അവയുടെ വാലുകൾ നിൽക്കുമ്പോൾ നിലത്തു സ്പർശിക്കുന്ന അത്ര നീളമുള്ളതാണ്. ഉയർന്ന പൂഞ്ഞിയും വളഞ്ഞ കൊമ്പുകളുമുള്ള വെച്ചൂർ പശുക്കൾ കാഴ്ചയ്ക്കു വളരെ സൗന്ദര്യമുള്ളവരാണ്.
പ്രത്യേകതകൾ
കേരളത്തിലെ ചൂടും ഈർപ്പമുള്ളതുമായ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു പോകുന്ന ഇവയ്ക്ക് മറ്റു സങ്കരയിനങ്ങളെ അപേക്ഷിച്ച് പ്രതിരോധശേഷി കൂടുതലാണ്. വലുപ്പത്തിൽ കുറിയവരാണെകിലും അനേകം പ്രത്യേകതകളാൽ മറ്റേതു കന്നുകാലി ഇനങ്ങളെക്കാളും ഇവ മുന്നിൽ നിൽക്കുന്നു. വളരുന്നതിന് ആവശ്യമായ തീറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പശു ഇനങ്ങളെക്കാൾ കൂടുതൽ പാൽ ഇവ ഉൽപാദിപ്പിക്കുന്നു. ഉയരക്കുറവ് , രോഗപ്രതിരോധശേഷി , പാലിലെ ഔഷധഗുണം തുടങ്ങിയ പ്രത്യേകതകളാൽ പ്രശസ്തമാണ് ഈ ജനുസ്സ് . ഈ ഇനത്തിൽപ്പെട്ട പശുക്കൾ ഇന്ന് കേരളത്തിൽ മുന്നൂറോളം എണ്ണം മാത്രമേയുള്ളു . വളരുന്നതിന് ആവശ്യമായ തീറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു പശു ഇനങ്ങളെക്കാൾ കൂടുതൽ പാൽ ഇവ ഉൽപാദിപ്പിക്കുന്നു. പാലിന്റെ ഗുണത്തിന്റെ കാര്യത്തിലും വെച്ചൂർ പശുക്കൾ മുൻനിരയിലാണ്.
ചെറിയ കൊഴുപ്പ് കണികൾ (fat globules) അടങ്ങിയതിനാൽ വെച്ചൂർ പശുവിന്റെ പാൽ കുട്ടികൾക്ക് ഏറ്റവും ഉത്തമമാണ് എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. കൂടാതെ വെച്ചൂർ പശുവിന്റെ പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോഫെറിൻ പ്രോട്ടീനുകൾക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങൾ മാത്രമല്ല, ആൻറിവൈറൽ, ആന്റിട്യൂമർ, ആൻറി-ഇൻഫ്ലമേറ്ററി, ഇമ്മ്യൂണോഡിഫെൻസ് ഗുണങ്ങളുമുണ്ടെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെച്ചൂർ പശുവിന്റെ പാലിൽനിന്നുൽപാദിപ്പിക്കുന്ന വെണ്ണയും നെയ്യും ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണെന്ന് ആയുർവേദവും സാക്ഷ്യപ്പെടുത്തുന്നു. ആയുര്‍വേദ ഔഷധങ്ങള്‍ തയാറാക്കാന്‍ ആദ്യകാലം മുതല്‍ക്കേ വെച്ചൂരിന്റെ പാല്‍ ഉപയോഗിക്കുന്നു. ജൈവകൃഷിയില്‍ ഇവയുടെ ചാണകത്തിന് വലിയ സ്ഥാനമാണുള്ളത്. രണ്ടു മുതല്‍ മൂന്നു ലിറ്റര്‍ പാലുവരെയാണ് ഇവയ്ക്കുണ്ടാകുക.. വെച്ചൂർ പശുവിൻ്റെ പാലിൽ ഹൃദ്രോഗത്തെയും പ്രമേഹത്തെയും തടയുന്ന ഘടകങ്ങളടങ്ങിയിട്ടുണ്ടെന്ന് കണ്ടത്തിയിട്ടുണ്ട്. ഇവയുടെ പാലിൽ ധാരാളമായി കാണപ്പെടുന്ന ബീറ്റ കസിൻ എ - 2 (β - casein A2) എന്ന പ്രോട്ടീൻ പ്രമേഹം, ഹൃദ്രോഗം , ഓട്ടിസം, തുടങ്ങിയ രോഗങ്ങളെയും പ്രതിരോധിക്കുന്നതായാണ് കണ്ടെത്തൽ. ഇതു സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾക്ക് കേരള സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഒരു കുടുംബത്തിന് വേണ്ട പാലും മോരും നെയ്യുമൊക്കെ ലഭിക്കാന്‍ വെച്ചൂര്‍ മതി.
പരിപാലനം
ശാന്തസ്വഭാവമുള്ള ഇവയെ പരിപാലിക്കുവാൻ എളുപ്പമാണ്. ഉയർന്ന രോഗ പ്രതിരോധശേഷിയും ഉഷ്ണപ്രതിരോധവും ഇവയെ മികച്ചതാക്കുന്നു. ചെറിയ ഇനം പശു ആയതിനാൽ കുറഞ്ഞ ആഹാരാവശ്യമേ ഇവയ്ക്കുള്ളൂ.വീട്ടിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും കുറച്ചു പുല്ലുമൊക്കെ കൊടുത്താല്‍ തന്നെ വെച്ചൂരിനെ വളര്‍ത്താം. പാലിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോടെ വെച്ചൂര്‍ പശുവിന്റെ വിലയും കുതിച്ച് ഉയര്‍ന്നു. ഒരു ലക്ഷം വരെ വിലയുള്ള പശുക്കള്‍ ഈ ഗണത്തിലുണ്ട്.
ബ്രീഡേഴ്സ് അസോസിയേഷൻ
വെചൂർ പശുവിന്റെ സമഗ്ര സംരക്ഷണത്തിന് വെച്ചൂർ ബ്രീഡേഴ്സ് അസോസിയേഷൻ പ്രവർത്തിക്കുന്നു.തൃശ്ശൂരാണ് ആസ്ഥാനം. വെച്ചൂർ ഇനത്തിനെ വംശനാശത്തിൽ നിന്ന് വീണ്ടെടുക്കുകയും സംരക്ഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത പ്രശസ്ത ജനിതക ശാസ്ത്രജ്ഞ ഡോ.ശോശാമ്മ ഐപ്പ് നേതൃത്വം നൽകുന്നു
ലഭ്യത
മണ്ണുത്തി വെറ്ററിനറി കോളേജിൽ വിപുലമായ രീതിയിൽ വെച്ചൂർ സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കേരള കാർഷിക (മണ്ണൂത്തി,തൃശ്ശൂർ) സർവ്വകലാശാലയിൽ ബുക്ക് ചെയ്താൽ ലഭ്യതയ്ക്ക് അനുസരിച്ച് വിൽപ്പന നടത്തുന്നു. കൂടാതെ വെച്ചൂർ പശു കൺസർവേഷൻ ട്രസ്റ്റും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
留言