top of page

പാലുത്പാദനം ശ്രദ്ധയോടെ!തൊഴിൽരഹിതർക്കും പ്രവാസം മതിയാക്കി വരുന്നവർക്കും സ്വീകരിക്കാവുന്ന സ്വയംതൊഴില

  • Writer: ARE
    ARE
  • Aug 31, 2019
  • 3 min read

Updated: Apr 10, 2021

തൊഴിൽരഹിതർക്കും പ്രവാസം മതിയാക്കി വരുന്നവർക്കും സ്വീകരിക്കാവുന്ന ഒരു സ്വയംതൊഴിലാണ് കേന്ദ്രീകൃത പശുപരിപാലനം അഥവാ ഡയറി ഫാമിംഗ്. വിലസ്ഥിരതയും വിപണിയുമുളള ഏക കാർഷിക ഉത്പന്നമാണ് പാൽ. മത്സരം നേരിടാത്ത ഒരു സംരംഭവും പശുപരിപാലനം തന്നെ.

ഏത് ബിസിനസിനെപ്പോലെയും ആസൂത്രണവും ഏകോപനവും ഡയറിഫാമിന്‍റെ നടത്തിപ്പിന് ആവശ്യമാണ്. ലാഭവും അധ്വാനത്തിന് സംതൃപ്തിയും കിട്ടുന്നതിന് ഇത് അത്യാവശ്യമാണ്.

ഡയറിഫാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


  1. പരിശീലനം:– ഫാം തുടങ്ങുന്നതിനുളള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയാണ് ആദ്യം വേണ്ടത്. ഇതിനുശേഷം പരിശീലനവും ഫാം സന്ദർശനങ്ങളും ആവശ്യമാണ്. പരിശീലനത്തിന് ക്ഷീരവികസന വകുപ്പിന്‍റെ പരിശീലന കേന്ദ്രങ്ങളെ സമീപിക്കാം. ശാസ്ത്രീയമായ പശുപരിപാലനത്തിലും ക്ഷീരോത്പന്ന നിർമാണത്തിനും ഇവർ സഹായിക്കും. വിജയകരമായി പ്രവർത്തിക്കുന്ന ഫാമുകൾ സന്ദർശിച്ച് പ്രായോഗിക അറിവുകൾ നേടുകയാണ് അടുത്ത ഘട്ടം. സന്ദർശനത്തിൽ ഓരോ ഫാമിന്‍റെയും നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കണം. നല്ല വശങ്ങൾ പ്രാവർത്തികമാക്കണം. ഫാം വിജയകരമായി നടത്തുന്നതിനുളള ആശയങ്ങൾക്ക് വ്യക്തത ഉണ്ടാക്കണം. മിൽമയും മൃഗസംരക്ഷണവകുപ്പും പരിശീലനകേന്ദ്രങ്ങൾ നടത്തുന്നുണ്ട്.

  2. സാന്പത്തികം:- പ്രായോഗികമായ ആശയമുളള പദ്ധതി രേഖ സമർപ്പിക്കുകയാണ് അടുത്തഘട്ടം. ഇങ്ങനെ സമർപ്പിക്കപ്പെട്ട പദ്ധതികൾക്ക് നബാർഡിന്‍റെ മാനദണ്ഡ പ്രകാരം മിക്കദേശസാൽകൃത ബാങ്കുകളും കാർഷികവികസന ബാങ്കുകളും സബ്സിഡിയോടു കൂടിയ വായ്പ നൽകുന്നുണ്ട്. ക്ഷീര വികസനവകുപ്പ് മിൽക്ക് ഷെഡ് വികസന പദ്ധതി പ്രകാരവും ഫാമുകൾ തുടങ്ങുന്നതിനുളള ധനസഹായം നൽകുന്നുണ്ട്. ഭൗതിക സാഹചര്യങ്ങൾക്ക് അനിയന്ത്രിതമായി പണം ചെലവാക്കരുത്.

  3. തൊഴുത്ത്:- ഗതാഗത സൗകര്യം, വെള്ളം, വൈദ്യുതി എന്നിവ ലഭിക്കുന്ന സ്ഥലമാണ് തൊഴുത്തിനനുയോജ്യം. വെളളം കെട്ടിനിൽക്കുന്ന സ്ഥലം ഒഴിവാക്കണം. ഉറപ്പും വൃത്തിയുമുള്ള തറ തൊഴുത്തിനാവശ്യമാണ്. വായുവും വെളിച്ചവും നല്ല രീതിയിൽ ലഭിക്കത്തക്കവണ്ണം വേണം തൊഴുത്ത് പണിയാൻ. പശുക്കൾ മുഖാമുഖം നിൽക്കുന്ന രീതിയിലോ പിൻഭാഗം തിരിഞ്ഞു നിൽക്കുന്ന രീതിയിലോ തൊഴുത്ത് സംവിധാനം ചെയ്യാം. സ്ഥലം ലാഭിക്കുന്നതിനും പരിചരണം സുഗമമാക്കുന്നതിനും ഇത് സഹായിക്കും. തൊഴുത്തിനുള്ളിൽ മുൻഭാഗത്ത് തീറ്റനൽകാൻ പുൽതൊട്ടിയും സ്വയം നിയന്ത്രിത കുടിവെളള സംവിധാനവും ഉണ്ടാക്കണം. പുൽതൊട്ടിക്ക് പിന്നിലായി 6-7 അടി വീതിയിൽ നിൽപ്പിടവും അതിന് പിന്നിൽ ചാണകവും മൂത്രവും വീഴുന്നതിനുളള ചാലും ഉണ്ടാകണം. ചാണകം നീക്കുന്നതിനായി പിൻഭാഗത്തും നടപ്പാത ക്രമീകരിക്കണം. മുൻഭാഗത്തു നിന്ന് പിൻഭാഗത്തേക്ക് തറയ്ക്ക് അൽപ്പം ചരിവു നൽകാം. വെള്ള വും മൂത്രവും ഒഴുകി പോകുന്നതിന് ഇതു സഹായിക്കും. റബർ മാറ്റ,് കറവയന്ത്രം, ഫാൻ, മിസ്റ്റ് തുടങ്ങിയ ആധുനിക സംവിധാനങ്ങളും തൊഴുത്തിൽ ക്രമീകരിക്കാവുന്നതാണ്.

  4. പശുക്കൾ:- ഫാമിൽ വളർത്താൻ ഉദ്ദേശിക്കുന്ന പശുക്കളിൽ പകുതി എണ്ണത്തെ മാത്രം ആദ്യഘട്ടത്തിൽ വാങ്ങണം. ആരോഗ്യമുള്ളതിനെ യും ഉത്പാദനക്ഷമത കൂടിയതിനെയും നോക്കിയെടുക്കണം. ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രസവത്തിലുള്ളവയാണ് നല്ലത്. പ്രസവിച്ചിട്ട് രണ്ടുമാസത്തിൽ കൂടാത്ത പശുക്കളെ കുറഞ്ഞത് മൂന്ന് നേരത്തെയെങ്കിലും കറവകണ്ട് ബോധ്യപ്പെട്ട് വാങ്ങണം. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയെ വാങ്ങണം. പ്രതിദിനം ശരാശരി ഇരുപത് ലിറ്റർ പാലെങ്കിലും ലഭിക്കുന്ന ജഴ്സി, ഹോൾസ്റ്റയിൽ ഫ്രീഷൻ (എച്ച്.എഫ്)പശുക്കളാണ് ഉത്തമം. പശുക്കളുടെ എണ്ണത്തിനാനുപാതികമായി എരുമകളെ കൂടി വളർത്തിയാൽ അധിക ചെലവില്ലാതെ പാലിന്‍റെ ഗുണനിലവാരവും വിലയും ഉയർത്താം. തൊഴി, കുത്ത്, തന്നത്താൻ പാലുകുടി മുതലായ ദു:ശീലങ്ങളുള്ളവയെ ഒഴിവാക്കണം. ശാന്തസ്വഭാവമുളളതും ആദ്യ ചുരത്തലിൽ തന്നെ മുഴുവൻ പാലും ലഭിക്കുന്നതുമായ പശുക്കളെ തെരഞ്ഞെടുക്കണം. ആറുമാസത്തിനു ശേഷം രണ്ടാമത്തെ സംഘം പശുക്കളെ വാങ്ങുന്നത് വർഷം മുഴുവൻ വരുമാനം ഉറപ്പിക്കുന്നതിന് സഹായിക്കും. പശുക്കളെ ഇൻഷ്വർ ചെയ്യണം.

  5. പരിപാലനം:- തൊഴുത്തും പശുക്കളേയും വൃത്തിയാക്കേണ്ടത് പശുവിന്‍റെ ആരോഗ്യത്തിനും ശുദ്ധമായ പാലുത്പാദനത്തിനും അത്യന്ത്യാപേക്ഷിതമാണ്. തീറ്റച്ചെലവും ചികിത്സാചെലവും കുറയ്ക്കുന്നതിനായി ആവശ്യമായ അളവിൽ മാത്രമേ കാലി ത്തീറ്റ നൽകാവൂ. പുൽവർഗങ്ങളും പ്രകൃതിദത്ത വസ്തുക്കളും തീറ്റയിൽ ഉൾപ്പെടുത്തണം. കുടിവെളളം ഏതുസമയത്തും ലഭ്യമാക്കണം. പശുവിന് സുഖകരമായ രീതിയിലും സാഹചര്യത്തിലും കറവ പൂർത്തീകരിക്കണം. കന്നുകുട്ടികൾക്ക് വിരയിളക്കലും പ്രതിരോധ കുത്തിവ യ്പും യഥാസമയം നടത്തണം. ബീജാധാനം ശരിയായ സമയത്ത് നടത്തണം. ശരിയായ ഗർഭകാല പരിചരണവും പ്രസവ ശുശ്രൂഷയും അനിവാര്യമാണ്.

  6. തീറ്റക്രമം:- പശുക്കൾക്ക് ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ സംരക്ഷണ, ഉത്പാദന, ഗർഭകാല തീറ്റകൾ നൽകേണ്ടതാണ്. പ്രകൃതിദത്ത ഭക്ഷണത്തോടൊപ്പം പ്രത്യേകിച്ച് പുല്ലിനങ്ങൾക്കൊപ്പം സാന്ദ്രീകൃത തീറ്റയും (കാലിത്തീറ്റ) ധാതുലവണമിശ്രിതവും ആവശ്യമായ അളവിൽ നൽകണം. ആവശ്യത്തിലധികം കാലിത്തീറ്റ നൽകുന്നത് തീറ്റച്ചെലവും ചികിത്സാ ചെലവും വർധിപ്പിക്കുകയും പശുവിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. കഴിയുന്നതും രണ്ടു നേരം മാത്രം കൃത്യസമയത്ത് തീറ്റ നൽകുന്നത് പൂർണമായ ദഹനത്തെയും മെച്ചപ്പെട്ട പാലുത്പാദനത്തെയും സഹായിക്കും. പുല്ലിനങ്ങൾ ചെറുതായി അരിഞ്ഞു നൽകുന്നത് അയ വെട്ടുന്നതിനും ഉമിനീര് ഉത്പാദിപ്പിക്കുന്നതിനും പുല്ല് പാഴായി പോകാതിരിക്കുന്നതിനും സഹായിക്കുന്നു. ചെലവു കുറയ്ക്കുന്നതിനും പശുവിന്‍റെ ആരോഗ്യത്തിനും പാലിന്‍റെ ഗുണമേ·യ്ക്കും തീറ്റപ്പുല്ല് അത്യാവശ്യമാണ്. കുറഞ്ഞത് അൻപത് സെന്‍റ് സ്ഥലത്തെങ്കിലും സങ്കരഇനം പുല്ല് നട്ടുപിടിപ്പിക്കണം. രാസവളങ്ങൾ ചേർക്കാതെ തൊഴുത്തിൽ നിന്നുളള മൂത്രവും വെളളവും കലർന്ന മിശ്രിതം നൽകി നല്ല രീതിയിൽ തീറ്റപ്പുല്ല് വളർത്തിയെടുക്കാം. ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽ വികസന പദ്ധതിയിൽ നിന്ന് പുൽക്കടയും ധനസഹായവും നേടാം. അസോള, ചോളം എന്നിവ വളർത്തിയും പശുവിന് നൽകാം.

  7. കണക്കുപുസ്തകം അനിവാര്യം:- ഡയറി ഫാമിന്‍റെ പ്രധാന വരുമാനം പാലിൽ നിന്നും പാലുത്പന്നങ്ങളിൽ നിന്നുമാണ്. ക്ഷീര സംഘങ്ങൾ വഴി പാലും ഫ്ളാറ്റുകൾ, വീടുകൾ, സൂപ്പർമാ ർക്കറ്റുകൾ, ഹോട്ടലുകൾ, കേറ്ററിംഗ് യൂണിറ്റുകൾ എന്നിവ വഴി പാലും, പാലുത്പന്നങ്ങളും വിൽക്കാവുന്നതാണ്. ബയോ ഗ്യാസ് പ്ലാന്‍റ് സ്ഥാപിച്ച് ലഭിക്കുന്ന ഗ്യാസ് പാചക വാതകമായും, ജനറേറ്റർ, വിളക്കുകൾ എന്നിവ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാം. പ്ലാന്‍റിൽ നിന്നും ലഭിക്കുന്ന സ്ലറി ഉപയോഗിച്ച് പച്ചക്കറി കൃഷി നടത്താം. സ്ലറി ഉണക്കി പാക്കറ്റിലാക്കി വിറ്റും കാലിത്തീറ്റ ചാക്ക്, മൂരിക്കുട്ട·ാർ, ആരോഗ്യം കുറഞ്ഞ പശുക്കുട്ടികൾ, ചെനപിടിക്കാത്ത പശുക്കൾ എന്നിവയെ വിറ്റും ആദായം വർധിപ്പിക്കാം. കാലിത്തീറ്റ വില, കറവക്കൂലി, ജോലിക്കൂലി, ചികിൽസാ ചെലവ്, കറന്‍റ് ചാർജ് തുടങ്ങിയവ ഫാമിന്‍റെ ചെലവിൽ ഒഴിവാക്കാനാവാത്തവയാണ്. ലോണ്‍ തിരിച്ചടവും പലിശയും ഒപ്പമുണ്ട്. ഫാമിന്‍റെ യന്ത്രവത്കരണം ചെലവു കുറയ്ക്കാൻ സഹായിക്കുന്നു. ക്ഷീരസംഘം, ത്രിതല പഞ്ചായത്ത്, ക്ഷീരവികസനവകുപ്പ്, മിൽമ എന്നിവയുടെ കാലിത്തീറ്റ സബ്സിഡിയും മറ്റാനുകൂല്യങ്ങളും ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം പ്രോത്സാഹവും ആകുന്നു.

  8. വൈദ്യസഹായം:- പശുക്കളെ ഇൻഷ്വർ ചെയ്യണം. പശുക്കൾക്ക് ശാരീരിക ബലഹീനതകളും രോഗങ്ങളും പ്രസവത്തിന് ബുദ്ധിമുട്ടും ഉണ്ടാകുന്പോൾ വൈദ്യസഹായം ലഭ്യമാക്കണം. യഥാസമയം പ്രതിരോധ കുത്തിവയ്പുകൾ നടത്തുന്നതിനും ശരിയായ രീതിയിലും സമയത്തും ബീജധാനം നടത്തുന്നതിനും ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടതാണ്. അത്യാവശ്യം മരുന്നുകളും പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളും ഫാമിൽ ലഭ്യമാക്കണം.

  9. പാലിക്കേണ്ടുന്ന നിയമങ്ങൾ:- പഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ നേടേണ്ട തായ ലൈസൻസിന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിബന്ധകൾ പാലിച്ചിരിക്കണം. പാലും പാലുത്പന്നങ്ങളും പാക്കറ്റിലാക്കി വിപണനം ചെയ്യുന്ന പക്ഷം ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുകയും ലൈസൻസ് എടുക്കുകയും ചെയ്യണം.

  10. രജിസ്റ്ററുകൾ:- ഫാം സുഗമമായി നടത്തുന്നതിനും പ്രവർ ത്തനം വിലയിരുത്തുന്നതിനും വിവിധ രജിസ്റ്ററുകൾ ഫാമിൽ എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്. ഉരുക്കളെ സംബന്ധിക്കുന്ന രജിസ്റ്റർ, ബീജാധാന രജിസ്റ്റർ, പാലുത്പാദന രജിസ്റ്റർ എന്നിവയിൽ നിന്നും ഓരോ ഉരുവിനെക്കുറിച്ചുളള വിശദാംശങ്ങളും വരവു ചെലവു രജിസ്റ്ററിൽ നിന്നും ലാഭനഷ്ടക്കണക്കും മനസിലാക്കി പലിപാലനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനു സാധിക്കും. പശുപരിപാലനത്തിൽ തത്പരനായ ഒരു തൊഴിലാളിയുടെ പൂർണ സമയ സേവനവും സംരംഭകന്‍റെ ജാഗ്രതാ പൂർണമായ മേൽനോട്ടവും പ്രവർത്തന അവലോകനവും വരവു ചെലവു സംബന്ധിച്ച വ്യക്തമായ ധാരണയും ഉണ്ടെങ്കിൽ ഡയറി ഫാമുകൾ ലാഭവും ആത്മസംതൃ പ്തിയും നൽകും എന്നുളളതിന് രണ്ടു പക്ഷമില്ല.

ഷിൻഡ്യാ എൽ.കെ., ഡയറിഫാം ഇൻസ്ട്രക്ടർ, പട്ടണക്കാട്, ചേർത്തല, ഫോണ്‍- 9495228845.


ബിസിനസ് വായ്പകൾ ലഭിക്കുന്നതിനായി സമര്പ്പിക്കേണ്ട വിശദമായ പദ്ധതി റിപ്പോർട്ട് (DPR-Detailed Project Report), പ്രതീക്ഷിത ബാലൻസ് ഷീറ്റ് (Business Proposal) തുടങ്ങിയവയ്ക്കും പദ്ധതി വിശദാംശങ്ങളുടെ വിവരങ്ങൾക്കും ബന്ധപ്പെടുക

DETAILED PROJECT REPORT AND BUSINESS PROPOSAL FOR BANK LOANS RELATED BUSINESS ENTREPRENEURSHIP DEVELOPMENT PLEASE CONTACT….


Project Manager

ARE (Arms for Rural Entrepreneurs)

Karunagappally, Kollam-690544

Mail: areklm0076@gmail.com, TEL: +917907048573

UDYAM-KL-06-0000419, Reg. No: SH020500060479



 
 
 

Bình luận


Post: Blog2_Post

Subscribe Form

Thanks for submitting!

+91-7907048573

+91-9747634996

K.S. Puram P.O., Puthentheruvu, Karunagappally, Kollam, Kerala 690544, India

  • Facebook
  • Facebook
  • Twitter
  • LinkedIn
  • Instagram

©2019 by areklm. Proudly created with Wix.com

bottom of page