ഫാം എക്സ്റ്റൻഷൻ മാനേജർ മൊബൈൽ ആപ്ലിക്കേഷൻ
- ARE
- Sep 10, 2021
- 1 min read

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റൻഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെൻറർ പുറത്തിറക്കിയ; "വിത്ത് തിരഞ്ഞെടുപ്പ് മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ" വിരൽത്തുമ്പിൽ എത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ആണ് 'ഫാം എക്സ്റ്റൻഷൻ മാനേജർ'.നൂറിലധികം വിളകളെ കുറിച്ചും, അതിന്റെ വിളപരിപാലന മുറകളെ കുറിച്ചും ഇതിൽ നൽകിയിരിക്കുന്നു.കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ പാക്കേജ് ഓഫ് പ്രാക്ടീസ് എന്ന കൃഷി അധിഷ്ഠിത ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ അപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.
വിള പരിപാലനത്തെ കുറിച്ചാണ് നിങ്ങൾക്ക് അറിയേണ്ടതെങ്കിൽ ഓരോ വിളകൾ നടന്ന സമയത്തെക്കുറിച്ചും, തിരഞ്ഞെടുക്കേണ്ട വിത്തുകളെ കുറിച്ചും, നിലം ഒരുക്കുന്ന രീതിയെക്കുറിച്ചും, വളപ്രയോഗ മാർഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ഈ ആപ്പിൽ ലഭ്യമാകുന്നു. ഈ ആപ്പിൻറെ പ്രത്യേകത എന്തെന്നുവെച്ചാൽ കേരളത്തിൽ കൃഷി ചെയ്യുന്ന എണ്ണൂറോളം ഇനങ്ങളുടെ പ്രത്യേകത ഇതിൽ കൃത്യമായ രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ്.
സാധാരണ ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്ന പോലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഫാം എക്സ്റ്റൻഷൻ മാനേജർ എന്ന് ടൈപ്പ് ചെയ്തു ഇൻസ്റ്റാൾ ബട്ടണമർത്തി മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക. തുടർന്നുവരുന്ന സ്ക്രീനിൽ കാണുന്ന അതിൻറെ ഐക്കൺ തൊടുമ്പോൾ ആദ്യത്തെ സ്ക്രീൻ തുറന്നു വരും. ആദ്യത്തെ സ്ക്രീനിൽ തന്നെ വിവരങ്ങൾ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം ഭാഷകളിൽ വേണമെന്നുള്ള കാര്യം തീരുമാനിക്കാം. ഈ ആപ്ലിക്കേഷനിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളെ 10 വിഭാഗങ്ങളായി തരം തിരിക്കുന്നു. പച്ചക്കറി ഇനങ്ങളെ കുറിച്ചാണ് നിങ്ങൾക്ക് അറിയേണ്ടതെങ്കിൽ ഇരുപതിൽപരം പച്ചക്കറി ഇനങ്ങളുടെ വിവരങ്ങൾ ഇവിടെ കാണാം.
കീടരോഗ നിയന്ത്രണം എന്ന വിഭാഗം തിരഞ്ഞെടുത്താൽ നമ്മുടെ വിളകളെ ആക്രമിക്കുന്ന രോഗങ്ങളെയും, കീടങ്ങളെയും, പോഷക പ്രശ്നങ്ങളെയും കുറിച്ചും ഇവിടെ വിവരിക്കുന്നു. കീടരോഗ നിയന്ത്രണത്തിന് ഉള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇവിടെ കാണാം. മുന്നൂറിൽപരം ജൈവവസ്തുക്കളുടെ ഉപയോഗക്രമവും ഈ ആപ്പിൽ ലഭ്യമാണ്. ഇവ കൂടാതെ മുന്നൂറിൽപ്പരം ഷോട്ട് വീഡിയോ വഴിയൊരുക്കിയ ഗ്യാലറിയും ഈ മൊബൈൽ അപ്ലിക്കേഷനിൽ ഉണ്ട്. ചെടികളിൽ കാണുന്ന വിവിധ രോഗങ്ങളുടെയും കീടങ്ങളുടെയും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി സംബന്ധമായ അറിവുകൾ വർദ്ധിപ്പിക്കുവാൻ കാർഷിക പ്രശ്നോത്തരി എന്നൊരു വിഭാഗവും ഈ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്.
Comments